Wednesday, October 21, 2009

un'titled at the moment




next of fade'd

Sunday, October 18, 2009

രണ്ട് മരങ്ങള്‍ക്കിടയിലെ ദൂരം

ഇല കൊഴിഞ്ഞ മരത്തിനും
നിറയെ പച്ചപ്പുള്ള മരത്തിനും
ഇടയിലാണെന്റെ വീട്
നീലയില്‍ മഞ്ഞ നിറമുള്ള തൂവലൊരെണ്ണം
കളഞ്ഞ് കിട്ടിയതീ വഴിയില്‍ നിന്നാണ്
കത്തുന്ന വേനലില്‍ നിന്ന്
തളിര്‍ക്കാലം നോക്കി പറന്ന
പക്ഷി പൊഴിച്ചതാവാം

അടര്‍ന്നു പോവാതെ
വേരുകളാഴ്ത്തിയൊരു തൂവല്‍
ജലത്തില്‍ തെന്നിത്തെറിക്കും പോലെ
കാറ്റൊഴുക്കെടുത്തു
ആരുടെ ചൂണ്ടക്കുരുക്കാവാം

ജനല്‍ചില്ലിനപ്പുറമൊരു മിടിപ്പ്
ഇന്നലെയോളം കാണാത്ത
നീലയില്‍ മഞ്ഞ നിറമുള്ളൊരാളാരോ,
ഏതോ പുരാതനമായ ഭാഷയില്‍ പറഞ്ഞു
"എന്റെയാണത് തിരികെ തരൂ"

ഇല കൊഴിഞ്ഞ മരത്തിന്റെ പിന്‍ വിളിയില്‍
ഊരിയെറിഞ്ഞതാണെന്നെത്തന്നെയെന്ന്
സങ്കടങ്ങളുടെ കടും കയ്പ്

അടുത്തെങ്ങുമില്ല വെയില്‍, പൂക്കള്‍
വീടെത്തും മുന്‍പേ പിരിഞ്ഞു പോയവര്‍,
പക്ഷി അല്ലെങ്കില്‍ തൂവല്‍.
അങ്ങനെ എന്തൊക്കെ തിരികെയെടുക്കും നമ്മള്‍

Thursday, October 15, 2009

അകത്തും പുറത്തുമായി ഒരു വാക്ക്

പ്ലാറ്റ്ഫോം രണ്ടിലൂടെ
തിരുവനന്തപുരം-മംഗലാപുരം കടന്നു പോയി
പ്ലാറ്റ്ഫോം ഒന്നിലിരുന്നാല്‍ കാണാം
അടച്ചിട്ടതും അടയ്ക്കാത്തതുമായ ജാലകങ്ങള്‍
ധ്യാനത്തിലെന്ന പോലെ
ജനല്‍കമ്പികളില്‍ തല ചേര്‍ത്തിരിക്കുന്നവര്‍ ,
കൈ ചെവിയിലേക്ക് ചേര്‍ത്ത് കണ്ണടച്ചിരിക്കുന്ന നിശബ്ദര്‍
ആര്‍ക്കോ ചെവിയോര്‍ക്കുന്നവര്‍
അദൃശ്യമായ വള്ളികള്‍ കൊണ്ട്
ആകാശങ്ങളിലെവിടെയോ
കൊരുത്തിട്ടുണ്ട് ഓരോ ബോഗിയും
അച്ഛന്‍ , അമ്മ, അനിയത്തി, കാമുകി, കാമുകന്‍
ഒരു മനുഷ്യനു ഭൂമിയില്‍
സാധ്യമായ ബന്ധങ്ങളൊക്കെയും
കാണാച്ചരടിലൂടെ വേഗതയില്‍
പായുന്ന തീവണ്ടിയിലേക്ക്
കണക്ട് ചെയ്തിരിക്കുന്നു.

ചിലപ്പോള്‍ ശബ്ദം മുറിഞ്ഞ് അറ്റു പോകും, രണ്ടാകും
പാളങ്ങളില്‍ മുറിഞ്ഞ് ശിരസ്സുമുടലും വേര്‍പെടും പോലെ

Monday, October 12, 2009

കാണാതായവരുടെ അടയാളങ്ങള്‍

അടിക്കടി വളരുന്ന മഴയില്‍
പോവേണ്ട ബസ് കാത്ത് നില്‍ക്കുന്നു
നോക്കി നോക്കിയിരിക്കെ
അര്‍ദ്ധരാത്രിയാവുന്നു
വഴിയറ്റത്തെ വളവില്‍ കാഴ്ച ഉറപ്പിക്കുന്നു
എന്നും പോലെ അത് സമയത്ത് വരുന്നില്ല
എപ്പോഴും പോലെ കാത്ത് നില്‍ക്കുന്നു

കുറെ പേര് കടന്ന് പോകുന്നു
കാറില്‍, സ്കൂട്ടറില്‍, സൈക്കിളില്‍
എന്നാലും നമ്മള്‍ കാത്ത് നില്‍ക്കുന്നു
ഒട്ടും മുഷിപ്പില്ലാതെ
പേരറിയാത്തവരെ നോക്കി
ചിരിക്കുന്നു.

ക്രമം തെറ്റിയ ഒരു വൈഡ് ഷോട്ടില്‍
നെടുകെ കുറുകെ നിഴലുകളെ നിരത്തി
ടെലഫോണ്‍ പോസ്റ്റുകള്‍,
ഇലക്ട്രിക് കമ്പികള്‍,
മഞ്ഞ വെട്ടം,കുടചൂടിയവരുടെ സില്‍ഹൌട്ടുകള്‍

അവസാനത്തെ ബസ് നനഞ്ഞെത്തുന്നു
പെട്ടെന്ന് ജീവിതങ്ങളെല്ലാം കയറിപ്പോകുന്നു
ബസ് സ്റ്റോപ്പ് ശൂന്യമായി ഒറ്റയ്ക്കിരിക്കുന്നു
രാവിലെ ആളുകളെത്തും വരെ ഏകനാണെന്ന്
ആശങ്കപ്പെടുന്നു, പേടിക്കുന്നു.
തെരുവുകളിലേയും, അടുത്ത കെട്ടിടങ്ങളിലേയും
വിളക്കുകള്‍ പൊടുന്നനെ അണഞ്ഞു പോകുന്നു

ആളുകളെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP