ചുവപ്പിലും പച്ചയിലും ഞാനും നീയുമെന്ന സാദ്ധ്യതകള്‍
പ്രായമായ ആരോ കൈ കുത്തി
മുട്ടിലിഴയും പോലെ കിതച്ചെത്തുന്ന
തീവണ്ടി നിങ്ങളാണെന്ന് തന്നെയോര്‍ക്കുക
സ്റ്റേഷനിലെത്തുമ്പോഴേക്കും
കാത്തിരിക്കുന്ന മര ബന്ചുകളും
പൊളിഞ്ഞ സിമന്റ് ഇരിപ്പിടങ്ങളും
പെട്ടെന്ന് എഴുന്നേല്ക്കും
ഉച്ചത്തിലും നിശബ്ദതയിലും
വിട വാക്കുകള്‍ ഉയരും
തിക്കി തിരക്കി അക്ഷമയോടെ
നിങ്ങളിലേക്ക് ഇരച്ച് കയറും
ഇറങ്ങിപ്പോകുന്നവരുടെ വഴി തടയും
വീടെത്താന്‍ വൈകുന്നവര്‍ പരാതിപ്പെടും
എന്ത് കിടപ്പാണിത്,
എന്താണ് പോകാത്തത്
ഇനിയുമുണ്ട് ചിലര്‍
വൈകിയെത്തുന്നവര്‍,
അവരുടെ ചിരികള്‍
മുന്നിരുട്ടില്‍ പാനീസ് വിളക്കിന്റെ
ചില്ലുമറകളില്‍ തെളിയും
കിന്നരിയും, കുടയും,
അത്തറിന്റെ മണവും
റെയിലുകള്‍ വരണ്ട
ചരല്‍പ്പാതകളില്‍ നീളും
പച്ചയും ചുവപ്പും നിറഞ്ഞ
മരങ്ങള്‍ നിറഞ്ഞ പാതയിലൂടെ
കുതിച്ച് പായും
കച്ചയഴികെ ചിനച്ച്
മരങ്ങളില്‍ കാറ്റ് പിടിക്കും,
തടുക്കപ്പായില്‍ നമസ്കരിച്ച്
ചിറക് കുടയും
എവിടേയും നിര്‍ത്താതെ ആരുമിറങ്ങാതെ
ഓടിക്കൊണ്ടേയിരിക്കുന്ന തീവണ്ടി,
അതില്‍ പനിയേറ്റ വീടു പോലൊരു
കമ്പാര്‍ട്ട്മെന്റ്
2 comments:
ഒരായിരം പേർക്ക് ആശ്വാസമാവുന്ന ഒരായിരം ആവലാതി പേറുന്ന വണ്ടി അല്ലേ ഡാ.
നല്ല കവിത ..
ജീവനില്ലാതെ ജീവിക്കുന്ന തീവണ്ടി .... ല്ലേ ?
Post a Comment